കോഴഞ്ചേരി: ടികെ റോഡിൽ പന്പാനദിക്കു കുറുകെയുള്ള കോഴഞ്ചേരി പുതിയ സമാന്തര പാലം ഗതാഗതത്തിനു സജ്ജമായി. പാലത്തിന്റെ അവസാനഘട്ട നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം. എന്നാല്‍ ഉദ്ഘാടന തീയതി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പാലത്തിന്റെ പ്രധാന നിർമാണ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പ്രധാനമായും പൂര്‍ത്തിയാക്കാനുള്ളത്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ പമ്പാനദിക്കു കുറുകെ നിലവിലെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 207.2 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. നാലു സ്പാനുകള്‍ പമ്പാനദിയിലും മൂന്നു സ്പാനുകള്‍ കരയിലുമായി ഏഴു സ്പാനുകളാണുള്ളത്. പദ്ധതിയുടെ ചെലവ് ഏകദേശം 20.58 കോടി രൂപയാണ്.
2018-ല്‍ ആരംഭിച്ച പാലം നിര്‍മാണം 2021-ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഫണ്ട് സംബന്ധമായ തര്‍ക്കങ്ങള്‍, കരാറുകാരന് പണി ഉപേക്ഷിച്ചത്, ടെന്‍ഡര്‍ നടപടികളിലെ തടസങ്ങള്‍, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പദ്ധതി പലതവണ വൈകുകയായിരുന്നു.2026 മാര്‍ച്ചില്‍ പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്ന് പാലത്തിന്റെ മുഴുവന്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം മാത്രമാണ് നടത്തിയത്. ഇതിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല തീഥാടനം ആരംഭിക്കുന്നതിനുമുന്പുതന്നെ പാലം തുറക്കും. പാലത്തിന്റെ ഉദ്ഘാടനത്തിനുമുന്പ് കോഴഞ്ചേരി ടൗണിലെ ഗതാഗതവും പരിഷ്കരിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഗതാഗത ഉപദേശകസമിതി ഉടൻ യോഗം ചേരുമെന്ന് പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ പറഞ്ഞു.
എംഎല്‍എ, ഉയര്‍ന്ന മോട്ടോര്‍ വാഹനവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയന് പ്രതിനിധിൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട യോഗമാണ് ഗതാഗത പരിഷ്കരണത്തിൽ അന്തിമ തീരുമാനങ്ങളെടുക്കുക. പുതിയ പാലം വരുന്നതോടെ കോഴഞ്ചേരിയിലെ വൺവേ സംവിധാനം അടക്കം പരിഷ്കരിക്കേണ്ടിവരും.
പാലത്തില്‍ ഏറ്റവും മനോഹരമായ വൈദ്യുതി അലങ്കാരസംവിധാനമാണ് ഒരുക്കുന്നതെന്നും ഇതിനായി പ്രാദേശികവികസനഫണ്ടില്‍ നിന്നും 30 ലക്ഷംരൂപ ചെലവഴിക്കുമെന്നും അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. പുതിയ പാലത്തിന്റെ ഇരുവശത്തും നടപ്പാതയും ഉണ്ടാകും.
2018 ല്‍ ആരംഭിച്ച പാലത്തിന്റെ നിർമാണം 2021-ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യലക്ഷ്യം. ഫണ്ട് സംബന്ധമായ തര്‍ക്കങ്ങള്‍, കരാറുകാര്‍ ഒന്നിലേറെ തവണ പണി ഉപേക്ഷിച്ചതും ടെന്‍ഡര്‍ നടപടികളിലെ തടസങ്ങള്‍, പാലത്തിന്റെ അപ്രോച്ച് റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള വ്യവഹാരങ്ങള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ പാലത്തിന്റെ നിർമാണം വൈകുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പായി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.